ഇതൊന്നും കാട്ടി വിരട്ടാൻ നോക്കേണ്ട!!!

രു സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർന്നു എന്നു നാം എപ്പോഴാണ് പറയേണ്ടത്??? അത് ആ സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം നടക്കുമ്പോഴോ ആക്രമമോ കലാപങ്ങളോ നടക്കുമ്പോഴോ മാത്രമാണോ? അങ്ങനെയല്ല ഒരേ തരത്തിലുള്ള അക്രമങ്ങൾ, അതും ജനജീവിതത്തിനും സ്വൈര്യവിഹാരത്തിനും തടസ്സം സൃഷ്ടിക്കുന്നവ  ആ സമയം ഭരണകൂടം നിസ്സഹായമായി നോക്കി നിൽക്കുകയും നടന്ന കുറ്റകൃത്യങ്ങളുടെ പ്രതികളെ പിടികൂടാതെയും പുതിയവ തടയാൻ  നടപടികളെടുക്കുകയും ചെയ്യാത്തതാണ് ക്രമസമാധാനപാലനത്തിലുള്ള വീഴ്ചയെങ്കിൽ, അത് തന്നെയല്ലേ ഇപ്പോൾ കേരളത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്???

ഒരു സ്ത്രീയെ ആക്രമിച്ചു വിവാദമായപ്പോൾ ‘അതൊരു ഒറ്റപ്പെട്ട സംഭവമാണ്’ എന്നു പ്രതികരിച്ചവർ ഇപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളുടെ ആവർത്തനനങ്ങളെപ്പറ്റി പറയുന്നതെന്താണെന്ന് കേൾക്കാൻ തീർച്ചയായും പൊതുസമൂഹത്തിന് താല്പര്യമുണ്ടാകും. 

വയനാടും വാളയാറും റോബിനച്ചനും ശിവസേനയും അരങ്ങ് വാഴുന്ന കാലം. പിങ്ക് പോലീസും സദാചാര പോലീസും ഒരേ പണി ചെയ്യുമ്പോൾ ആര് വിമർശിച്ചാലും വർഗ്ഗീയവാദികളായും സംഘപരിവാർ അനുകൂലികളായും അടച്ചാക്ഷേപിച്ചിട്ട് യാതൊരു പ്രശ്നപരിഹാരവുമുണ്ടാകുന്നില്ല. എട്ടടിപ്പൊക്കമുള്ള മേൽക്കൂരയിൽ നാലടി പൊക്കമുള്ള കുട്ടികളെ  തൂങ്ങി മരിച്ച നിലയില് കണ്ടിട്ടും കെട്ടി തൂക്കിയതാണോയെന്ന് തീരുമാനിക്കാൻ ദിവസങ്ങളെടുക്കുന്ന പൊലീസിന് പാർക്കിലിരിക്കുന്നവരുടെ അനാശാസ്യം കണ്ടെത്താന്‍ പത്ത് മിനിറ്റിന്റെ ‘നിരീക്ഷണം’ മാത്രം മതിയായിരുന്നുവെന്നതും കൌതുകകരം തന്നെ! സദാചാര പോലീസിന്റെ ചെയ്തി ഒരു യുവാവിന്റെ ജീവനെടുത്തപ്പോൾ പോലീസ് പിറ്റേ ദിവസം ആ സദാചാര പോലീസിനെ പിടികൂടിയിട്ട് അതിനടുത്ത  ദിവസം കാക്കി മാറ്റി പിങ്ക് ധരിച്ച് അതേ പണിക്കിറങ്ങി. എന്നിട്ടിപ്പോ ശിവസേനക്കാരെ അറസ്റ്റ്  ചെയ്യാൻ  ഓടി നടക്കുന്നു. ചൂരലും  കൊണ്ട് വന്ന ശിവസേനക്കാരനെ നോക്കി നിന്ന പോലീസുകാർ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കുന്നത് നാം  ഇനിയും  കാണുമായിരിക്കും. ഇത് കണ്ടയുടൻ എസ്.എഫ്.ഐ ക്കാരും ഡി.വൈ.എഫ്.ഐ.ക്കാരും ഓടിപ്പോയി ഉമ്മ വച്ചതായിരുന്നു  ആകെ ഒരാശ്വാസം. ഈ ഹീനപ്രവരത്തിയെ, ഈ പ്രാകൃതചെയ്തിയെ കുറ്റപ്പെടുത്തിയവരെ ധാർഷ്ട്യത്തോടെ സമീപിച്ച മുഖ്യമന്ത്രി അവാരാണ് ശിവ സേനക്കാരെ വാടകക്കെടുത്താതെന്ന് പോലും പറഞ്ഞ് കളഞ്ഞു! 

 ഈ സദാചാരചെയ്തികളുടെ പൊള്ളത്തരം മനസ്സിലാവണമെങ്കിൽ ഇതിന്റെ മറുപുറം കണ്ടാല് മതി. റോബിനച്ചനെ കണ്ട് ഞെട്ടിയ കേരളം കല്പറ്റ യത്തീംഖാനായിലേയും ആട്ടപ്പള്ളിയും കണ്ട് മരവിച്ച് പോകുന്നതാണ് പോയ വാരം നാം  കണ്ടത്. സ്കൂളിലേക്ക് പോകുന്ന വഴി ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം വീഡിയോ എടുത്ത് ബ്ലാക്ക്മെയിൽ ചെയ്ത പ്രവർത്തി ആറ് മാസം റോഡ് അരികിലുള്ള  ഹോട്ടെലിൽ നടന്നപ്പോൾ ഒരു സദാചാരക്കാരനും അറിഞ്ഞത് പോലുമില്ലയെന്നതും തങ്ങൾക്ക് സംഭവിച്ച്കൊണ്ടിരുന്ന ആ ആപത്തിനേപ്പറ്റി സഹപാഠികളോടൊ  അദ്ധ്യാപകരോടൊ പറയാൻ അവർക്ക് സാധിച്ചില്ല എന്നുള്ളതും നമ്മെ ഇരുത്തി ചിന്തിപ്പിക്കണം. വാളയാറിലാകട്ടെ ഇതിലും മോശമായിരിക്കുന്നു കാര്യങ്ങൾ. അവിടെ ലൈംഗീകചൂഷണം രണ്ടു കുട്ടികളുടെ മരണത്തിലാണ്  കലാശിച്ചിരിക്കുന്നത്. ആത്മഹത്യയയോ കൊലപാതകമോ എന്നിനിയും തെളിയേണ്ടിയിരിക്കുന്നു. മനോരമ പത്രം  പീഡനക്കേസുകൾക്കായി ചരമ കോളത്തിനാടുത്ത് സ്പേസ് കൊടുത്തിരിക്കുന്നു. ശ്യാമ സുന്ദര കേരകേദാര ഭൂമി. പിന്നല്ല!!

 ഈ പ്രശ്നങ്ങളെക്കാൾ ഞെട്ടിക്കുന്നതായിരുന്നു ഇവയോടുള്ള അധികാരികളുടെ സമീപനം. റോബിനച്ചന്റെ വിഷയം വീടും മുന്പ് നടന്ന ഈ സംഭവങ്ങളിൽ പോലീസ് ആലംഭാവപൂർണ്ണമായ ഒരു സമീപനമാണ് സ്വീകരിച്ചത് എന്നു പറയാതെ വയ്യ . വാളയാർ കേസിൽ കൊലപാതകമോ ആത്മഹത്യയയോ എന്നു തെളിയിക്കാനാവാത്തത് തന്നെ ഇതിന് മകുടോദാഹരണമാണ് . ഇത് തന്നെയാണ് ക്രമസമാധാനതകർച്ച എന്ന് തിരിച്ചറിഞ്ഞ് ഈ പ്രശ്നങ്ങളിൽ എത്രയും പെട്ടെന്ന് സർക്കാർ ആവശ്യമായ നടപടികൾ എടുക്കേണ്ടതാണ്. അല്ലാതെ, ആരെന്ത് പറഞ്ഞാലും ‘ഇരട്ടച്ചങ്കാണ്’, ‘ഇതൊന്നും കാണിച്ച് വിരട്ടൻ നോക്കേണ്ട’ തുടങ്ങിയ സ്ഥിരംമറുപടികളിൽ രമിച്ചിട്ട് കാര്യമില്ല.

വാൽക്കഷ്ണം: ഹിന്ദുസ്ഥാൻ എന്ന പേര് മാറ്റണമെന്ന് ഈയിടെ മുഖ്യൻ പറഞ്ഞ് കേട്ടു. വിഗ്രഹാർത്ഥം മനസ്സിലാവഞ്ഞിട്ടാണ്. ഹിന്ദുസ്ഥാൻ  എന്നാൽ  ‘ഹിന്ദുക്കളുടെ സ്ഥാൻ’  അല്ലെന്നും ‘ഹിന്ദു അഥവ   സിന്ധുവിനിപ്പുറമുള്ള സ്ഥാനം’ എന്നാണെന്നും സവിനയം ഓർമിപ്പിക്കുന്നു. സരസ്വതി നദി അപ്രത്യക്ഷമായിട്ടും സിന്ധു നദി ഒഴുകുന്നതിനാൽ പേര് മാറ്റാൻ  നിവർത്തിയില്ലാത്തതിൽ ഖേദിക്കുന്നു.  ഇത് പറഞ്ഞ എന്നെ ആരും വാടകക്കെടുത്തിട്ടില്ല എന്നും  വ്യസനപൂർവം അറിയിക്കുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s